LOADING

Type to search

Entertainment Exclusive Latest News

നടന്‍ വിജയുടെ ആസ്തി പല കോടികള്‍

നടന്‍ വിജയ് തമിഴര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും ഹീറോയാണ്. താരത്തിന്റെ ഒട്ടേറെ പടങ്ങള്‍ മലയാള സിനിമകളെ വെല്ലുന്ന രീതിയില്‍ കേരളത്തില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. വിജയുടെ ജന്മദിനമായ ഇന്ന് ആരാധക കൂട്ടായ്മ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യങ്ങള്‍ക്കിടെയാണിതെല്ലാം.
കോടികള്‍ പ്രതിഫലം വാങ്ങുന്ന താരമാണ് വിജയ്. വാരിസിന് അദ്ദേഹം 150 കോടി വരെ വാങ്ങി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമാ നിര്‍മാണ രംഗത്തേക്കും വിജയ് ചുവടുവയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ജിക്യു റിപ്പോര്‍ട്ട് പ്രകാരം താരത്തിന്റെ ആസ്തി മൂല്യം 445 കോടി രൂപയാണ്. ഭാര്യ സംഗീതയ്ക്കും മക്കള്‍ക്കുമൊപ്പം ചെന്നൈയിലെ നീലങ്കരൈയിലാണ് വിജയ് താമസിക്കുന്നത്.
സിനിമ മാത്രമല്ല വിജയുടെ വരുമാനം. അമ്മ ശോഭ, ഭാര്യ സംഗീത, മകന്‍ സഞ്ജയ് എന്നിവരുടെ പേരിലുള്ള കല്യാണ മണ്ഡപങ്ങള്‍ ചെന്നൈയിലുണ്ട്. പിതാവ് എസ്എ ചന്ദ്രശേഖരന്റെ നിര്‍ദേശ പ്രകാരമാണ് ഈ നിക്ഷേപം വിജയ് നടത്തിയതത്രെ. കുമരന്‍ കോളനിയിലാണ് ഒരു കല്യാണ മണ്ഡപം. മറ്റൊന്ന് സാലിഗ്രാമത്തിലും. സംഗീതയുടെ പേരിലുള്ള മണ്ഡപം പോരൂരിലാണ്.
സാലിഗ്രാമത്തിലെയും പോരൂരിലെയും മണ്ഡപങ്ങള്‍ റിലയന്‍സിന് പാട്ടത്തിന് നല്‍കാന്‍ വിജയ് ആലോചിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. രണ്ടും സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റുമെന്നായിരുന്നു വാര്‍ത്ത. പ്രതിമാസം 10 ലക്ഷം രൂപ വാടകയ്ക്കാണ് ഇവ കൈമാറുക എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വിജയ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
വിജയിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാര്‍ത്തകളാണ് സമീപ കാലത്ത് കൂടുതലുമുള്ളത്. അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടയ്ക്കിടെ താരം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഈ പ്രചാരണത്തിന് ആക്കംകൂട്ടുകയും ചെയ്തിട്ടുണ്ട്. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് കളത്തിലിറങ്ങുമെന്നാണ് താരവുമായി ബന്ധപ്പെട്ടുള്ളവര്‍ നല്‍കുന്ന സൂചന.
10, 12 ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് വിജയ് മുന്‍കൈയ്യെടുത്ത് അടുത്തിടെ അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. 12 മണിക്കൂറോളം താരം ഈ പരിപാടിക്ക് വേണ്ടി ചെലവഴിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പം ഇരുന്നും അവരോട് കുശലം ചോദിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയും വിജയ് നടത്തിയ നീക്കം വലിയ ചര്‍ച്ചയായി. വിജയുടെ പ്രസംഗമാണ് അതിനേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത്.
പണം വാങ്ങി വോട്ട് ചെയ്യുന്നത് തടയണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു വിജയ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മോശം പ്രവണതകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. നാളത്തെ വോട്ടര്‍മാരാണ് നിങ്ങള്‍ എന്ന് ഓര്‍മിപ്പിച്ച വിജയ് ചെയ്യുന്നത് ഭാവിയിലേക്കുള്ള കരുനീക്കമാണ് എന്ന അഭിപ്രായവും ഉയര്‍ന്നു. വിജയുടെ ആരാധക സംഘടനാ പ്രവര്‍ത്തകര്‍ നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് മികച്ച വിജയം നേടിയിരുന്നു.
വിജയുടെ ഈ നീക്കങ്ങളോട് തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ വ്യത്യസ്തമായിട്ടാണ് പ്രതികരിച്ചത്. വിജയ് രാഷ്ട്രീയത്തിലിറങ്ങിയാല്‍ സ്വാഗതം ചെയ്യുമെന്ന് നടനും രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യവുമായ ശരത് കുമാര്‍ പ്രതികരിച്ചു. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന വിജയുടെ വാക്കുകള്‍ നല്ല കാര്യം തന്നെ എന്നായിരുന്നു മന്ത്രി ഉദയനിധി സ്റ്റാലിന്റെ മറുപടി. ആര്‍ക്കും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ വരുന്നതാണ് തമിഴ്നാടിന്റെ ശാപമെന്ന് വി.സി.കെ അധ്യക്ഷന്‍ തോല്‍ തിരുമാവളന്‍ എംപി പറഞ്ഞു. ദ്രാവിഡ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ബിജെപിയുടെ നയങ്ങളെ സിനിമകളിലൂടെ എതിര്‍ക്കുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. വിജയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നിലും രാഷ്ട്രീയ പകപോക്കലാണ് എന്നായിരുന്നു ആരോപണം.