LOADING

Type to search

Entertainment Latest News

കൊല്ലങ്കോടിന്റെ ഗ്രാമീണഭംഗി കാണാന്‍ തിരക്കേറി

കൊല്ലങ്കോട് .പ്രകൃതി സൗന്ദര്യം തുളുമ്പിയ കൊല്ലങ്കോട് ഗ്രാമിണഭംഗി കാണുന്നതിന് തിരക്കേറി . മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളില്‍ തെന്മലയിലെ 14ല്‍ അധികം വെള്ളച്ചാട്ടങ്ങളും പച്ചപ്പ് വിരിച്ച നെല്‍പ്പാടങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകളും ആണ് സന്ദര്‍ശകരെ മാടിവളിക്കുന്നത്. ഇന്ത്യയിലെ പത്ത് പ്രധാന സൗന്ദര്യമുള്ള പ്രദേശങ്ങളില്‍ ഒന്നായി കൊല്ലങ്കോടിനെ കണ്ടെത്തുവാന്‍ സ്വകാര്യ ഏജന്‍സി വഴിയൊരുക്കിയതിനെ തുടര്‍ന്ന് പ്രധാന സൗന്ദര്യപ്രദേശങ്ങളെ ഒപ്പിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദിനംപ്രതി മുന്നൂറിലധികം വിനോദസഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. മഴക്കാലമായതോടെ പലകപ്പാണ്ടി, സീതാര്‍കുണ്ട്, ശുക്രിയാല്‍, പാത്തിപ്പാറ, വെള്ളരിമേട് തുടങ്ങിയ 14 ല്‍ അധികം വെള്ളച്ചാട്ടങ്ങളും സജീവമായത്.ചിങ്ങന്‍ചിറയിലെ ആല്‍മരങ്ങളും കാവും, മലയുടെ അഴകും പാടശേഖരങ്ങളും കാണുന്നതിനാണ് തമിഴ്‌നാട്ടില്‍ നിന്നു പോലും വിനോദസഞ്ചാരികള്‍ കൂടുതലായും എത്തുന്നുണ്ട്.

ലഹരി ഉപയോഗിക്കുന്ന വിനോദസഞ്ചാരികള്‍ വര്‍ദ്ധിച്ചത് നാട്ടുകാര്‍ക്കും പൊലിസിനും വിനയായിട്ടുണ്ട്. വനംവകുപ്പിന്റെ അധീനതയിലുള്ള വെള്ളച്ചാട്ടങ്ങളില്‍ സുരക്ഷ ക്രമികരണങ്ങള്‍ ഒന്നും ഇല്ലാത്തതും പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കി. വെള്ളച്ചാട്ടങ്ങളില്‍ അപകടകരമായി ചാടിക്കുളിക്കുകയും മദ്യപിച്ച് കുപ്പിച്ചില്ലുകള്‍ വെള്ളച്ചാട്ടത്തിലേക്ക് വലിച്ചെറിയുന്നതും വ്യാപകമാണ്. കൂടാതെ ലഹരി ഉപയോഗിച്ച് ഇടവഴികളിലൂടെ കാര്‍, ബൈക്ക് എന്നിവയില്‍ അമിത വേഗതയില്‍ കടക്കുന്നതും നാട്ടുകാരെ ഭീതിയിലാക്കി.പൊലിസ്, എക്‌സൈസ്, വനം വകുപ്പുകള്‍ സംയുക്തമായി വിനോദസഞ്ചാരികള്‍ എത്തുന്ന പ്രദേശങ്ങളില്‍ നിരീക്ഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

പടം 1.ചുക്രിയാല്‍ വെള്ളച്ചാട്ടം..2.വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്ന വിനോദ സഞ്ചാരികള്‍

Leave a Comment

Your email address will not be published. Required fields are marked *